ചെന്നൈ:അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെയും പത്മാവതിയുടെയും മൂത്ത മകനായ എം.കെ. മുത്തു ഗുരുതരമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 8 മണിക്ക് അന്തരിച്ചു. അദ്ദേഹത്തിന് 77 വയസ്സായിരുന്നു.
ചമയൽക്കാരൻ , പൂക്കാരി, പിള്ളയോ പിള്ളൈ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിൽ പിള്ളയോ പിള്ളൈ നിർമ്മിച്ചത് പിതാവ് കരുണാനിധിയുടെ രചനയിൽ മുരശൊലി മാരനാണ്.
എം.കെ. മുത്തുവിനെ തന്റെ കലാപരമായ പിൻഗാമിയായി ഉയർത്തിക്കാട്ടാൻ കരുണാനിധി ശ്രമിച്ചു. എന്നാൽ കുറച്ച് സിനിമകളിൽ അഭിനയിച്ചതിനുശേഷം അദ്ദേഹം അധികം സിനിമകളിൽ അഭിനയിച്ചില്ല. താൽപ്പര്യക്കുറവ് കാരണം രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹം പിന്മാറി.
എം.കെ.മുത്തുവിന്റെ മരണവിവരം അറിഞ്ഞയുടൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അവിടെ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. എം.കെ.മുത്തുവിന്റെ മരണത്തെത്തുടർന്ന് ഡി.എം.കെയുടെ എല്ലാ പരിപാടികളും മാറ്റിവച്ചു.
നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം ഗോപാലപുരത്തെ വസതിയിൽ പൊതുദർശനത്തിനായി സൂക്ഷിച്ചിരിക്കുന്നു. വൈകുന്നേരം 5 മണിക്ക് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കും. അദ്ദേഹത്തിന്റെ മൃതദേഹം ചെന്നൈയിലെ ബസന്റ് നഗറിൽ സംസ്‌കരിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എം.കെ. മുത്തുവിന്റെ മരണത്തിൽ ഡി.എം.കെ നേതാക്കളും അംഗങ്ങളും, വിവിധ പാർട്ടി നേതാക്കളും, സിനിമാ മേഖലയും അനുശോചനം രേഖപ്പെടുത്തി.















