ഭുവനേശ്വർ: സർവകലാശാലകളിലും കോളേജുകളിലും സ്ത്രീകളുടെ സുരക്ഷ, ശാക്തീകരണം, എന്നിവ ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി ‘ശക്തിശ്രീ’ എന്ന സംരംഭത്തിന് തുടക്കം കുറിച്ച് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി.
16 സംസ്ഥാന സർവകലാശാലകളെയും 730 സർക്കാർ, എയ്ഡഡ് കോളേജുകളെയും ഉൾക്കൊള്ളുന്ന ഒരു “പരിവർത്തനാത്മക ശാക്തീകരണ, സ്വയം പ്രതിരോധ സംരംഭം” എന്നാണ് മുഖ്യമന്ത്രി ‘ശക്തിശ്രീ’യെ വിശേഷിപ്പിച്ചത്. “ഈ സംരംഭം നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന സൗഹൃദാന്തരീക്ഷമുളള കാമ്പസുകൾ സൃഷ്ടിക്കുകയും ചെയ്യും,” മുഖ്യമന്ത്രി പറഞ്ഞു.
ഈ സംരംഭത്തിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും ഒരു വനിതാ ഫാക്കൽറ്റി അംഗവും ഒരു വനിതാ വിദ്യാർത്ഥിനിയും അടങ്ങുന്ന ‘ശക്തിശ്രീ ശാക്തീകരണ സെൽ’ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിലും ജീവനക്കാരിലും സുരക്ഷ, സ്വയം പ്രതിരോധം, വൈകാരിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സെൽ ശ്രദ്ധ കേന്ദ്രീകരിക്കും.
കൂടുതൽ പിന്തുണ നൽകുന്നതിനായി, ഓരോ ജില്ലയും ‘ശക്തി അപാസ്’ എന്ന് വിളിക്കപ്പെടുന്ന അഞ്ച് മുതിർന്ന വനിതാ പ്രൊഫഷണലുകളെ നാമനിർദ്ദേശം ചെയ്യും. അവർ വിദ്യാർത്ഥികളെ ഉപദേശിക്കുകയും ഓരോ മൂന്ന് മാസത്തിലും കാമ്പസുകൾ സന്ദർശിക്കുകയും ചെയ്യും.
വിദ്യാർത്ഥിനികൾക്കും വനിതാ ജീവനക്കാർക്കും പേര് വെളിപ്പെടുത്താതെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും – ടെക്സ്റ്റ്, ഓഡിയോ അല്ലെങ്കിൽ വീഡിയോ വഴി – കൗൺസിലിംഗ് തേടുന്നതിനും, ദേശീയ മാനസികാരോഗ്യ സംരംഭമായ ടെലി-മനസ് വഴി മാനസികാരോഗ്യ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിനും സുരക്ഷിതമായ ഒരു പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്ന ഒരു മൊബൈൽ ആപ്പും ആരംഭിക്കും. കൂടത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, കാമ്പസുകൾ 24×7 സിസിടിവി നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരും.
വിദ്യാർത്ഥികൾക്കും ഫാക്കൽറ്റി കോർഡിനേറ്റർമാർക്കും പരിശീലനം നൽകുന്നതിനും ഫീഡ്‌ബാക്ക് പങ്കിടുന്നതിനും പരിപാടി ശക്തിപ്പെടുത്തുന്നതിനുമായി ‘ശക്തി സ്വരൂപിണി’ എന്ന പേരിൽ ഒരു വാർഷിക പരിപാടിയും നടക്കും.















