തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിലുള്‍പ്പെടെ ഉളള അപാകതകള്‍ പരിഹരിക്കണമെന്ന ബി ജെ പിയുടെ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. നിലവില്‍ ഒരാള്‍ക്ക് പത്തു പേരെ മാത്രം ചേര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതാണ് പരിഹരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കിയത്. ശനിയാഴ്ച നടന്ന സര്‍വ കക്ഷി യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഉറപ്പ് നല്‍കിയത്.
പുതിയതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്ന ആളുകളെ നേരില്‍ കണ്ട് ഹിയറിംഗ് നടത്താനുള്ള തീരുമാനം അപ്രായോഗികമാണെന്നും അര്‍ഹരായ പലരും പട്ടികയ്‌ക്ക് പുറത്തുപോകാന്‍ ഇത് കാരണമാകുമെന്നും ബിജെപി അഭിപ്രായപ്പെട്ടു. ഇതിന് പരിഹാരമായി പട്ടികയില്‍ ചേര്‍ക്കേണ്ട ആളുടെ ബന്ധുക്കള്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകുമെന്നും ഹിയറിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെയും നടത്താനും തീരുമാനമായി
ബൂത്തുകളിലെ വോട്ടര്‍മാരുടെ എണ്ണം ആയിരം മുതല്‍ 1200 വരെ മാത്രമേ പാടുള്ളൂ എന്ന ബിജെപിയുടെ ആവശ്യത്തിലും ചര്‍ച്ചകളിലൂടെ പരിഹാരം കാണാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന ആളുകളെ നേരിട്ട് ബന്ധപ്പെട്ട ശേഷം മാത്രം വേണം നടപടികള്‍ സ്വീകരിക്കാനെന്ന ബിജെപിയുടെ ആവശ്യവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു
.
സര്‍വകക്ഷി യോഗത്തില്‍ ബിജെപിക്ക് വേണ്ടി മുതിര്‍നേതാവ് ജെ.ആര്‍. പത്മകുമാര്‍ പങ്കെടുത്തു.















