ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ടെക് ഭീമന്മാരായ ഗൂഗിളിന്റെയും മെറ്റയുടെയും പ്രതിനിധികൾക്ക് സമൻസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിഎംഎൽഎ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി ജൂലൈ 29 ന് ഇരുകമ്പനികളുടെയും എക്സിക്യൂട്ടിവുകൾ നേരിട്ട് ഹാജരായി മൊഴിരേഖപ്പെടുത്താനുമാണ് നിർദേശം.
ഏജൻസി രണ്ട് കമ്പനികളിൽ നിന്നും ചില രേഖകൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസി സാങ്കേതിക സ്ഥാപനങ്ങളെ മാത്രമല്ല, പരസ്യങ്ങൾക്ക് പണം സ്വീകരിച്ചിരിക്കാവുന്ന മാധ്യമ സ്ഥാപനങ്ങളെയും അന്വേഷണപരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്.
നിയമവിരുദ്ധമായ വാതുവെപ്പ്, ചൂതാട്ട ലിങ്കുകൾ ഹോസ്റ്റ് ചെയ്യുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ, വിവിധ സോഷ്യൽ മീഡിയ ഔട്ട്‌ലെറ്റുകളിലും ആപ്പ് സ്റ്റോറുകളിലും അവർക്കായി പരസ്യങ്ങൾ നൽകിയ സംഭവങ്ങൾ ഉൾപ്പെടെ, നിരീക്ഷണത്തിലാണെന്ന് ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു















