തിരുവനന്തപുരം: പനയമുട്ടത്ത് റോഡിൽ പൊട്ടി വീണ ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ കൈ കഴുകി വൈദ്യുതി വകുപ്പ്. സ്വകാര്യ വ്യക്തി മരം മുറിക്കാൻ സമ്മതിക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയത് എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിപറയുന്നത്.
ഈ വിഷയത്തിൽ ചീഫ് എൻജിനീയർ പ്രാഥമിക അന്വേഷണം നടത്തും എന്നും ഔദ്യോഗിക റിപ്പോർട്ട് കിട്ടിയാൽ ഉടൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും എന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
സ്വകാര്യവ്യക്തി മരം മുറിക്കാൻ തയ്യാറാവാത്തത് കെഎസ്ഇബിയുടെ വീഴ്ചയായി പറയാൻ കഴിയില്ല എന്നും ഈ വിഷയത്തിൽ കലക്ടർ നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉന്നയിച്ച ആരോപണത്തിനെതിരെ മരം നിന്നിരുന്ന സ്വകാര്യവസ്തുവിന്റെ ഉടമ അബുഷെഹ്മാൻ രംഗത്തെത്തി. മരം വെട്ടിമാറ്റാൻ തയ്യാറായില്ല എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മരങ്ങൾ മൂടോടെ വെട്ടിമാറ്റാൻ തയ്യാറാണ്, വേണമെങ്കിൽ ഇന്ന് തന്നെ ചെയ്യും എന്നും അബുഷെഹ്മാൻ പറഞ്ഞു.















