കോഴിക്കോട്: നിരപരാധികളുടെ ജീവനെടുക്കുന്ന സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് പേരാമ്പ്രയിലെ അപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് കോഴിക്കോട് റൂറൽ എസ്പിക്കും ആർടിഒക്കുമാണ് നിർദേശം നൽകിയത്. സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
കഴിഞ്ഞ ദിവസമാണ് ബസുകളുടെ മത്സരയോട്ടത്തിനിട്ട് ബൈക്കിൽ സഞ്ചിരിച്ചിരുന്ന 19 കാരൻ അപകടത്തിൽപെട്ട് മരിച്ചത്. മരുതോങ്കര സ്വദേശി അബ്ദുൽ ജവാദാണ് (19) മരിച്ചത്. ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ യുവാവ് ബൈക്കിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ബസിന്റെ പിൻചക്രം അബ്ദുൽ ജാവേദിന്റെ തലയിലൂടെ കയറിയിറങ്ങി. തൽക്ഷണം തന്നെ മരണം സംഭവിച്ചു.















