ഭോപ്പാൽ: ഭോപ്പാലിൽ ജിമ്മുകൾ, ക്ലിനിക്കുകൾ, കോളേജ് കാമ്പസുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രധാന മയക്കുമരുന്ന് കടത്ത് റാക്കറ്റ് പിടിയിൽ. സംഘത്തിലെ മുഖ്യകണ്ണികളായ രണ്ടുപേർ അറസ്റ്റിലായി. മയക്കുമരുന്ന് കച്ചവടക്കാരായ സൈഫുദ്ദീൻ, ആഷു എന്ന ഷാരൂഖ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
യുവതികളെയാണ് ഇവർ പ്രത്യേകിച്ച് ലക്ഷ്യം വച്ചിരുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചാൽ അവർ മെലിഞ്ഞവരാകുമെന്നും ആത്മവിശ്വാസം ലഭിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു വില്പന. ഡോക്ടർമാരും ജിം പരിശീലകരും പാർട്ടി പ്രമോട്ടർമാരും ഒരുമിച്ച് പ്രവർത്തിച്ച് യുവാക്കളെ ആകർഷിക്കുന്ന ഒരു സംവിധാനം അവർ രൂപകൽപ്പന ചെയ്തു, ഇത് ഫിറ്റ്നസിനും രോഗം ഭേദമാക്കാനും എത്തുന്നവരെ മയക്കുമരുന്നിലേക്ക് തള്ളിവിട്ടു.
പ്രതികൾ ഭോപ്പാലിലെ ജിമ്മുകളെ ലഹരിയുടെ കവാടങ്ങളാക്കി മാറ്റി. ഫിറ്റ്നസ് ബൂസ്റ്ററുകളായും മൂഡ് ലിഫ്റ്ററുകളായും അവർ മയക്കുമരുന്ന് വിപണനം ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ പക്കൽനിന്ന് 15.14 ഗ്രാം എംഡി പൗഡർ, ഒരു സ്കൂട്ടി, ഒരു ആൻഡ്രോയിഡ് മൊബൈൽ ഫോൺ എന്നിവ പോലീസ് കണ്ടെടുത്തു. ഏകദേശം 3 ലക്ഷം രൂപ വിലമതിക്കുന്നവയായിരുന്നു ഇവ.
പോലീസ് കമ്മീഷണർ ഹരിനാരായണൻ ചാരി മിശ്രയുടെയും അഡീഷണൽ കമ്മീഷണർ പങ്കജ് ശ്രീവാസ്തവയുടെയും നിർദേശപ്രകാരം നഗരവ്യാപകമായി ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമാണ് അറസ്റ്റ്.















