റാഞ്ചി: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും, സെറൈകേല-ഖർസവാൻ ജില്ലകളുടെ അതിർത്തിയിൽ നക്സലൈറ്റുകൾ നടത്തിയ ആക്രമണ പദ്ധതി സുരക്ഷാ സേന പരാജയപ്പെടുത്തി. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ 14 ശക്തമായ ഐഇഡി ബോംബുകളും മറ്റ് നിരവധി സ്ഫോടക വസ്തുക്കളും സൈന്യം കണ്ടെടുത്തു.
നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ ഉന്നത നേതാക്കളായ മിസിർ ബെസ്ര, അൻമോൾ, അജയ് മഹാതോ, പിന്റു ലോധ, ജയകാന്ത് എന്നിവർ സരന്ദ, കോൽഹാൻ മേഖലകളിലൂടെ കലാപ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സജീവമാണെന്ന സൂച ലഭിച്ചിരുന്നു. ടോക്ലോ, കുച്ചായ് പോലീസ് സ്റ്റേഷൻ അതിർത്തികളിലെ ഇടതൂർന്ന വനങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ.
ജൂലൈ 19 ന് ജാർഖണ്ഡ് പോലീസ്, ജാർഖണ്ഡ് ജാഗ്വാർ, സിആർപിഎഫിന്റെ 60-ാം ബറ്റാലിയൻ, പ്രാദേശിക ജില്ലാ പോലീസ് ടീമുകൾ എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തി. ജൂലൈ 20 ന് നടത്തിയ തിരച്ചിലിൽ, കാട്ടിൽ നിന്ന് വലിയൊരു സ്ഫോടകവസ്തു ശേഖരം സംഘം കണ്ടെത്തി. കണ്ടെടുത്ത വസ്തുക്കളിൽ രണ്ട് കിലോഗ്രാം ഭാരമുള്ള 14 ശക്തിയേറിയ ഐഇഡി ബോംബുകൾ, ഗ്രനേഡുകൾ, അമോണിയം നൈട്രേറ്റ് പൊടി, പടക്കപ്പൊടി, സ്റ്റീൽ പാത്രങ്ങൾ, മറ്റ് ബോംബ് നിർമ്മാണ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ സുരക്ഷിതമായി നിർവീര്യമാക്കുകയും സ്ഥലത്തുതന്നെ നശിപ്പിക്കുകയും ചെയ്തു.















