ശ്രീനഗർ: വൈഷ്ണോദേവീ ക്ഷേത്രത്തിലുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ തീർത്ഥാടകർക്ക് സഹായവുമായി ക്ഷേത്രത്തിലെ ഭാരവാഹികൾ. പരിക്കേറ്റ എല്ലാവർക്കും ചികിത്സാ സഹായവും വേണ്ട പിന്തുണയും നൽകണമെന്ന് കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിർദേശിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തിലുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും ബിജെപി എംഎൽഎ ബൽദേവ് ആവശ്യപ്പെട്ടു. പൊലീസും വൈഷ്ണോ ദേവീ ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യാവസ്ഥ മാത്രമാണ് മോശമായി തുടരുന്നത്. മറ്റുള്ളവർ അപകടനില തരണം ചെയ്തതായാണ് വിവരം. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യം കല്ലുകൾ വീഴുകയും ഇതിന് പിന്നാലെ മണ്ണിടിഞ്ഞ് വീണെന്നും ദൃക്സാക്ഷികളായ തീർത്ഥാടകർ പറഞ്ഞു.















