ന്യൂഡൽഹി: ബെറ്റിംഗ് ആപ്പുകൾക്ക് പ്രമോഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിനും മെറ്റയ്ക്കും സമൻസ് അയച്ച് ഇഡി. ഗൂഗിളിന്റെയും മെറ്റയുടെയും പ്രതിനിധികൾ വിശദമായ രേഖകളുമായി ഹാജരാകണമെന്ന് ഇഡി അറിയിച്ചു. ജൂലൈ 28-ന് ഹാജരാകാനാണ് നിർദേശം.
ഗൂഗിളും മെറ്റയും ബെറ്റിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുകയും അനുബന്ധ ആപ്പുകളുടെ പരസ്യങ്ങൾക്കും വെബ്സൈറ്റുകൾക്കും പ്രചാരണം നൽകുകയും ചെയ്തെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചത്. ആവശ്യമായ രേഖങ്ങൾ സഹിതം ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
ജൂലൈ 21-ന് ഹാജരാകണമെന്നാണ് ഇഡി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് മാറ്റിവയ്‌ക്കുകയായിരുന്നു. വിവരങ്ങളും രേഖകളും ശേഖരിക്കാൻ സമയം ആവശ്യമാണെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സാധ്യതകളും ഇഡി പരിശോധിക്കുന്നുണ്ട്.
ഗൂഗിൾ, മെറ്റ പ്രതിനിധികളുടെ മൊഴികൾ രേഖപ്പെടുത്തും. ബെറ്റിംഗ് ആപ്പുകൾക്ക് പ്രമോഷൻ നൽകുന്ന എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും ഇഡി പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് നിരവധി സെലിബ്രിറ്റികൾ, കായിക താരങ്ങൾ, നടന്മാർ എന്നിവർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.















