ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. സെപ്റ്റംബറിലോ ഒക്ടോബറിലോ ഉണ്ടാകാനാണ് സാധ്യത. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായി ചർച്ചകൾ നടന്നിരുന്നു. അഞ്ചാംഘട്ട ചർച്ചകൾക്ക് ശേഷം ഇന്ത്യൻ പ്രതിനിധികൾ യുഎസിൽ നിന്ന് മടങ്ങിയിട്ടുണ്ട്.
വിശദമായ ചർച്ചകൾക്കായി അമേരിക്കയിലെ ഒരു സംഘം ഉദ്യോഗസ്ഥർ അടുത്ത മാസം ഇന്ത്യയിൽ എത്തുമെന്നാണ് വിവരം. ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന സ്റ്റീൽ, ഓട്ടോമോട്ടീവ് ഭാഗങ്ങൾ, അലുമിനിയം എന്നിവയ്‌ക്കുള്ള തീരുവ ഒഴിവാക്കാൻ സ്വതന്ത്ര വ്യാപാര കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ഷീരമേഖലയിൽ കയറ്റുമതി തീരുവ ഇളവുകൾ നൽകണമെന്ന യുഎസിന്റെ ആവശ്യത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചുവെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്റ്റീൽ, അലുമിനിയം കയറ്റുമതിയുടെ 50 ശതമാനവും ഓട്ടോമോട്ടീവ് മേഖലയുടെ 25 ശതമാനവും അടിസ്ഥാന താരിഫ് ഈടാക്കുന്നതിനൊപ്പം 26 ശതമാനം അധിക താരിഫ് ഒഴിവാക്കണമെന്നും ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുണിത്തരങ്ങൾ പോലുള്ള തൊഴിൽ പ്രാധാന്യമുള്ള മേഖലകൾക്കും ഇളവുകൾ തേടിയിട്ടുണ്ട്.















