മുംബൈ: ജോലി ചെയ്യുന്ന സ്ത്രീക്കും വിവാഹമോചനത്തിന് ശേഷം ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ അവകാശമുണ്ടെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റേതാണ് വിധി. ഭാര്യയ്‌ക്ക് പ്രതിമാസം 15,000 രൂപ ജീവനാംശം നൽകണമെന്ന കീഴ്‌ക്കോടതിയുടെ തീരുമാനത്തിനെതിരെ ഒരു യുവാവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഹർജിക്കാരൻ നാഗ്പൂർ സ്വദേശിയും ഭാര്യ വാർധ സ്വദേശിയുമാണ്. വിവാഹമോചനത്തിന് ശേഷം, വാർധ സെഷൻസ് കോടതി സ്ത്രീക്ക് ജീവനാംശം അനുവദിച്ചിരുന്നു. എന്നാൽ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന തന്റെ മുൻഭാര്യ തന്നെയും രണ്ട് കുട്ടികളെയും പരിപാലിക്കാൻ ആവശ്യമായ വരുമാനം നേടുന്നുണ്ടെന്നും അതിനാൽ ജീവനാംശം നൽകേണ്ട ആവശ്യമില്ലെന്നുമായിരുന്നു യുവാവിന്റെ ഹർജിയിലെ വാദം. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ നിലനിൽക്കില്ലെന്നും ഭാര്യക്ക് ജോലിയുണ്ടെങ്കിലും ജീവനാംശം ലഭിക്കാൻ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഊർമ്മിള ജോഷി ഫാൽക്കെ ഹർജി തള്ളുകയായിരുന്നു.















