തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അന്ത്യാജ്ഞലി അർപ്പിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. രാവിലെയോടെ ദർബാർ ഹാളിൽ ആരംഭിച്ച പൊതുദർശന ചടങ്ങിലേക്കാണ് യൂസഫലി എത്തിയത്. വിമാന മാർഗം തിരുവനന്തപുരത്ത് എത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിൽ പങ്കെടുത്തു.
ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗം വൃന്ദാ കാരാട്ട്, മുൻ പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.എം പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. വി.എസിന്റെ നിര്യാണത്തിൽ ദുഃഖം പങ്കുവച്ചു. മകൻ അരുൺ കുമാറിനെ ചേർത്ത് പിടിച്ചും മകൾ ആശയുടെ ഭർത്താവിനെ കണ്ട് ആശ്വസവാക്ക് നൽകിയുമാണ് അദ്ദേഹം മടങ്ങിയത്.
രാഷ്‌ട്രീയ നേതാവിനെക്കാൾ നല്ലൊരു ഭരണാധികാരിയായിരുന്നു. വി.എസ്. മുഖ്യമന്ത്രി എന്നതിലുപരി സംസ്ഥാനത്തിനും രാജ്യത്തിനുമായി കഠിനാധ്വാനം ചെയ്ത ഭരണാധികാരിയായിരുന്നു വി.എസ്. എന്നും യൂസഫലി ഓർമിച്ചു. വി.എസ്. പ്രവാസികൾക്കായി നോർക്ക റൂട്സ് ചെയർമാനായിരിക്കെ നടത്തിയത് ബൃഹത്തായ ഇടപെടലുകളെന്നും എം.എ യൂസഫലി വ്യക്തമാക്കി.
വി.എസ്. അച്യുതാനന്ദന്റെ വിയോഗം തീരാനഷ്ടമാണെന്ന് അദ്ദേഹം അനുശോചിച്ചു. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നമുക്ക് നഷ്ടമായത്. വി.എസുമായി വളരെ അടുത്ത സ്നേഹബന്ധമാണ് താൻ വെച്ചു പുലർത്തിയിരുന്നതെന്നും യൂസഫലി പ്രതികരിച്ചു.















