ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഒളിമ്പിക് ജേതാക്കൾക്കുള്ള പ്രതിഫലം വർദ്ധിപ്പിച്ച് ഡൽഹി സർക്കാർ. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അദ്ധ്യക്ഷതയിൽ ഡൽഹി സെക്രട്ടറിയേറ്റിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പുകൾ നൽകുന്ന പദ്ധതിക്കും അനുമതി നൽകി.
ഒളിമ്പിക്, പാരാഒളിമ്പിക് മെഡൽ ജേതാക്കൾക്ക് മൂന്ന് കോടി രൂപയാണ് നേരത്തെ നൽകിയിരുന്നത്. എന്നാൽ ഇത് ഏഴ് കോടിയായി ഉയർത്താനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. ഒളിമ്പിക് സ്വർണമെഡൽ ജേതാക്കൾക്ക് ഏഴ് കോടി രൂപയും വെള്ളിമെഡൽ ജേതാക്കൾക്ക് അഞ്ച് കോടിയും വെങ്കല മെഡൽ ജേതാക്കൾക്ക് മൂന്ന് കോടി രൂപയും നൽകും.
സ്വർണ- വെള്ളി മെഡൽ ജേതാക്കൾക്ക് ഡൽഹി സർക്കാരിൽ ഗ്രൂപ്പ് എ ജോലികളും വെങ്കല മെഡൽ ജേതാക്കൾക്ക് ബി ഗ്രൂപ്പ് ജോലികളും നൽകുമെന്നും മന്ത്രി ആശിഷ് സൂദ് പറഞ്ഞു. ഡൽഹിയുടെ പുരോഗതിക്കും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വ്യക്തിവികസനത്തിനും വേണ്ടി സുപ്രധാന തീരുമാനങ്ങളാണ് ഡൽഹി സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യുവാക്കളുടെ സമഗ്ര വികസനമാണ് ഡൽഹി സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്താം ക്ലാസ് പാസായ 1,200 വിദ്യാർത്ഥികൾക്ക് 17 ലാപ്ടോപ്പുകൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.















