ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിടപറയാനൊരുങ്ങി മിഗ്- 21 യുദ്ധവിമാനം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം സെപ്റ്റംബറിലാകും ഔദ്യോഗിക യാത്രയയപ്പ്. വ്യോമായന മേഖലയിൽ പലതവണ കരുത്ത് തെളിയിച്ച യുദ്ധവിമാനമാണ് വിടവാങ്ങുന്നത്.
ഛണ്ഡീഗഢിലെ വ്യോമതാവളത്തിൽ വച്ചാണ് ഔദ്യോഗിക യാത്രയയപ്പ് നടക്കുന്നത്. വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സോണിക് ജെറ്റ് വിമാനമാണ് മിഗ്- 21. കൂടാതെ ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വിമാനം കൂടിയാണിത്.
അരനൂറ്റാണ്ടോളം 60-ലധികം രാജ്യങ്ങളിൽ മിഗ് 21 വിമാനം ഉപയോഗിച്ചിരുന്നു. 20 ലധികം രാജ്യങ്ങൾ പ്രതിരോധസേനയുടെ ശക്തിയായി മിഗ് 21 ഉപയോഗിക്കുന്നുണ്ട്. അതിർത്തി കടന്നെത്തുന്ന ശത്രുവിമാനങ്ങൾക്കും നിരീക്ഷണ വിമാനങ്ങൾക്കുമെതിരെ പോരാടാനാണ് മിഗ് 21 വിമാനം ഉപയോഗിക്കുന്നത്. 5,846 കിലോയാണ് ഇതിന്റെ ഭാരം. സോവിയേറ്റ് യൂണിയന്റെ ആദ്യ സംരംഭമായിരുന്നു മിഗ് 21.
1956 ഫെബ്രുവരി 14-നാണ് മിഗ് 21 ആദ്യമായി പറന്നത്. 1963-ലാണ് ഈ യുദ്ധവിമാനത്തെ വ്യോമസേനയിൽ ഉൾപ്പെടുത്തിയത്. പിന്നീട് നടന്ന ഇന്ത്യ-പാക് യുദ്ധത്തിനും കാർഗിൽ യുദ്ധത്തിനും മിഗ് 21 പ്രധാനപങ്കുവഹിച്ചിരുന്നു.















