ഇത്തവണ മലയാളികളുടെ സ്വന്തം ഫാഫാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് വരാനിരിക്കുന്ന സിനിമകളുടെ പേരിലല്ല. പകരം ചർച്ചാവിഷയം താരത്തിന്റെ കയ്യിലുള്ള കുഞ്ഞൻ കീപാഡ് ഫോണാണ്.
അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്‌ലിൻ നായകനാകുന്ന പുതിയ ചിത്രമായ മോളിവുഡ് ടൈംസിന്റെ പൂജാ ചടങ്ങിൽ ഫഹദ് ഫാസിൽ പങ്കെടുക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യങ്ങളിൽ വൈറലായി മാറിയത്. ഇതിൽ ഫഹദ് മാറിനിന്ന് ഒരു കോൾ ചെയ്യുന്നതായി കാണിക്കുന്ന ക്ലിപ്പിൽ അദ്ദേഹത്തിന്റെ കൈവശമുള്ളത് ഒരു കീ പാഡ് ഫോണായിരുന്നു. ഇതാണ് ആരാധകരെ അമ്പരപ്പിച്ചത്.
എന്നാൽ വെറും കീപാഡ് ഫോൺ എന്ന് കരുതി പുച്ഛിക്കാൻ വരട്ടെ, ആള് ചില്ലറക്കാരനല്ല. ആഡംബര ബ്രാൻഡായ വെർട്ടുവിന്റെ അസെന്റ് റെട്രോ ക്ലാസിക് കീപാഡ് ഫോൺ ആണ് നടന്റെ കൈവശമിരിക്കുന്നത്. 1998 ൽ ‘നോക്കിയ’ (Nokia) സ്ഥാപിച്ച ഒരു കമ്പനിയാണിത്. വെർട്ടുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഈ മോഡലിന് $11,920 (ഏകദേശം 10.2 ലക്ഷം രൂപ) വിലവരും.
ഫോണിന്റെ ഭാരം 173 ഗ്രാം ആണ്, ഏകദേശം 22 മില്ലീമീറ്റർ ഘനവുമുണ്ട്. ഒരു ബേസിക് ഫോൺ ആയി തോന്നുമെങ്കിലും ഇതിൽ ബ്ലൂടൂത്ത്, GPRS, SMS, MMS എന്നിവയുമുണ്ട്. പേറ്റന്റ് നേടിയ സ്റ്റെയിൻലെസ് സ്റ്റീൽ കീപാഡാണ് ഫോണിലുള്ളത്.















