ലണ്ടൻ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി എത്തിയത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി. ഭാരത് മാതാ കി ജയ് വിളിച്ചും ഇന്ത്യൻ പതാക വീശിയും ജനങ്ങൾ മോദിയെ സ്വീകരിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നേതൃത്വത്തിലും പ്രധാനമന്ത്രി ഉജ്ജ്വല സ്വീകരണം ഒരുക്കിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. മൂന്ന് വർഷമായി ചർച്ചകൾ നടക്കുന്ന ഇന്ത്യ-യുകെ സ്വതന്ത്ര്യ വ്യാപാര കരാറിൽ ഒപ്പുവക്കുമെന്നാണ് നിഗമനം. ഇന്ത്യ- യുകെ സ്വതന്ത്ര്യ വ്യാപാര കരാർ യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിന്റെ താരിഫ് ഒഴിവാക്കുകയും യുകെ ഉത്പ്പന്നങ്ങളുടെ 90 ശതമാനം തീരുവ കുറയ്‌ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ നാലാമത്തെ യുകെ സന്ദർശനമാണിത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാപാരം, സുരക്ഷ, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം വളർത്തുന്നതിനുള്ള മാർഗങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യും.
യുകെ സന്ദർശനത്തിന് ശേഷം മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മാലിദ്വീപിലേക്ക് പോകും. മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 26-ന് നടക്കുന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. മുഹമ്മദ് മുയിസുവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.















