മുംബൈ: 2006-ലെ മുംബൈ ട്രെയിൻ ബോംബ് സ്ഫോടനക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്‌ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് നടപടി. 12 പ്രതികളെ വിട്ടയയച്ചുകൊണ്ടാണ് മുംബൈ ഹൈക്കോടതി ഉത്തരവിറക്കിയത്.
പ്രതികളെ കേസിൽ നിന്നും കുറ്റവിമുക്തനാക്കുന്നതിന് സ്റ്റേ നൽകുന്നത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ രാജ താക്കറെ, അഭിഭാഷകൻ ഋഷികേശ് എന്നിവരാണ് ഹാജരായത്.
കേസിൽ, 2015-ൽ പ്രത്യേക കോടതി 13 പ്രതികളിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റ് ഏഴ് പേർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. വധശിക്ഷയ്‌ക്ക് വിധിച്ച ഒരാൾ 2021-ൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ 21 തിങ്കളാഴ്ചയാണ് ബേംബെ ഹൈക്കോടതി വധശിക്ഷ റദ്ദാക്കിക്കൊണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നും അതിനാൽ കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
2006 ജൂലൈ 11-ന് മുംബൈയിലെ ഏഴ് ലോക്കൽ ട്രെയിനുകളിലാണ് സ്ഫോടനമുണ്ടായത്. ആറ് മലയാളികൾ ഉൾപ്പെടെ 180-ലധികം ആളുകൾ കൊല്ലപ്പെട്ടു. മുംബൈയിലെ വിവിധ ലോക്കൽ ട്രെയിനുകളിലായി ഏഴ് ബോംബുകളാണ് പൊട്ടിത്തെറിച്ചത്.















