ന്യൂഡൽഹി: ഗുജറാത്തിൽ നിന്ന് അറസ്റ്റിലായ നാല് അൽഖ്വയ്ദ ഭീകരരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ വിവരങ്ങൾ പ്രതികൾ പാകിസ്ഥാന് ചോർത്തിനൽകിയിരുന്നതായി കണ്ടെത്തി. പാക് ഇന്റലിജൻസ് സംഘമായ ഐഎസ്ഐയുമായി പ്രതികൾ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും നിർണായക വിവരങ്ങൾ കൈമാറിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനെതിരെ സോഷ്യൽമീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയിരുന്നു. കൂടാതെ പാക് സൈനിക ഓപ്പറേഷനായ ഓപ്പറേഷൻ ബനിയന് അനുകൂലമായും സോഷ്യൽമീഡിയയിലൂടെ പ്രചാരണം നടത്തി. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് ഈ സംഘങ്ങൾ സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഡൽഹി സ്വദേശിയായ മുഹമ്മദ് ഫായിസ്, ഉത്തർപ്രദേശ് സ്വദേശി സീഷൻ അലി, സൈഫുല്ല ഖുറേഷി, അഹമ്മദാബാദ് സ്വദേശി മുഹമ്മദ് ഫർദീൻ ഷെയ്ഖ് എന്നിവരാണ് പ്രതികൾ.
ഇൻസ്റ്റഗ്രാമിലൂടെ അൽ ഖ്വയാദ ഭീകരസംഘടനകളെ കുറിച്ച് വലിയ തോതിൽ പ്രചരണങ്ങൾ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ഇന്ത്യൻ പൗരന്മാർക്കെതിരെ അധിക്ഷേപ പരാമർശങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നു.















