റായ്പൂർ: ഛത്തീസ്ഗഢിൽ 66 മാവോയിസ്റ്റുകൾ കീഴടങ്ങി. ബസ്തർ ഉൾപ്പെടെ അഞ്ച് ജില്ലകളിലായുള്ള മുതിർന്ന മാവോയിസ്റ്റുകളും സ്ത്രീകളും ഉൾപ്പെടെ 66 പേരാണ് കീഴടങ്ങിയത്. ബിജാപൂർ, ദന്തേവാഡ, നാരായൺപൂർ, കാങ്കർ, സുക്മ എന്നിവിടങ്ങളിലാണ് കീഴടങ്ങൾ നടന്നത്. പൊലീസിന്റെയും അർദ്ധസൈനികരുടെയും മുന്നിലാണ് മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങിയത്. കീഴടങ്ങിയവരിൽ പലരും വിവിധ ആക്രമണ, കൊള്ളയടിക്കൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
തലയ്‌ക്ക് 2.27 കോടി രൂപ പാരിതോഷിഷം പ്രഖ്യാപിച്ചവരാണ് ആയുധങ്ങൾ വച്ച് കീഴടങ്ങിയത്. വിവിധയിടങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഒളിച്ചിരുന്ന ആക്രമിക്കുകയും അതിർത്തി മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കുകയും ചെയ്തതിലും ഈ മാവോയിസ്റ്റുകൾക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. പാവപ്പെട്ട ജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കുയും അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസുകളിലെയും പ്രതികളാണ് ഇവർ.
കാങ്കറിൽ മാത്രം അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 13 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. കീഴടങ്ങിയവരെ സാമ്പത്തികമായി സഹായിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും ചെയ്യുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഛത്തീസ്ഗഢിൽ 2023 മുതൽ ഇതുവരെ 1,400-ലധികം മാവോയിസ്റ്റുകളാണ് കീഴടങ്ങിയിട്ടുള്ളത്.















