ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിലെത്തി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, വിദേശകാര്യ മന്ത്രി , പ്രതിരോധമന്ത്രി, ധനമന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി എന്നിവർ ഉൾപ്പെടെ രാജ്യത്തെ മുതിർന്ന കാബിനറ്റ് അംഗങ്ങൾ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രണ്ട് ദിവസത്തെ ബ്രിട്ടീഷ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി മാലദ്വീപിലെത്തിയത്. 26-ന് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ മോദി മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിരുന്നത്. തലസ്ഥാനമായി മലൈയിൽ വർണാഭമായ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡുകൾ ഇന്ത്യൻ പതാകകൾ കൊണ്ട് അലങ്കരിച്ചു. മോദിയെ സ്വീകരിക്കുന്നതിനായി വഴിയരികിൽ ഇന്ത്യൻ സമൂഹം ഒത്തുകൂടി. പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു. ത്രിവർണ പതാക വീശിയും ഭാരത് മാതാ കീ ജയ് വിളിച്ചും ജനങ്ങൾ മോദിയെ വരവേറ്റു.
പ്രധാനമന്ത്രി പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ സന്ദർശിക്കുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുകയും ചെയ്യും. ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ ഇരുനേതാക്കളും ചർച്ച നടത്തും.















