കണ്ണൂർ: പീഡനക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് ജയിൽചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഹെഡ് വാർഡൻ ഉൾപ്പെടെ മൂന്ന് പേരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ജയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുലർച്ചെ ഒരു മണിക്കാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇക്കാര്യം അഞ്ച് മണിക്കൂർ കഴിഞ്ഞാണ് അധികൃതർ അറിഞ്ഞത് എന്നതും ഗുരുതര സുരക്ഷാവീഴ്ചയാണ്. ജീവപര്യന്തം തടവുശിക്ഷയ്‌ക്ക് വിധിച്ചവരെ പാർപ്പിച്ചിരിക്കുന്ന അതീവസുരക്ഷയുള്ള സെല്ലിൽ നിന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഏഴര മീറ്റർ ഉയരമുള്ള മതിലാണ് ചാടിക്കടന്നത്. ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിച്ചിരുന്നില്ല എന്നതും സുരക്ഷാവീഴ്ച വ്യക്തമാക്കുന്നുണ്ട്.
ജയിലിന് സമീപത്തെ രണ്ട് കിലോമീറ്റർ ദൂരത്തുള്ള തളാപ്പിലെ
ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറിലാണ് ഗോവിന്ദച്ചാമി ഒളിച്ചിരുന്നത്. നാട്ടുകാരിലൊരാൾ ഗോവിന്ദച്ചാമിയെ കണ്ടിരുന്നു. തുടർന്ന് ഇയാൾ പേര് വിളിച്ചതും ഗോവിന്ദച്ചാമി നിന്നു. പിന്നീട് കെട്ടിടത്തിന് സമീപത്തേക്ക് ഓടിയൊളിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലം വളയുകയുമായിരുന്നു.















