കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെന്ന ചാർളി തോമസിന്റെ ജയിൽ ചാട്ടത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ട് കാര്യമില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ആഭ്യന്തര വകുപ്പെന്ന സിസ്റ്റം കൂടി തകരാറിലായെന്നും മുരളീധരൻ വിമർശിച്ചു.
കണ്ണൂർ ജയിലിലെ ഉപദേശക സമിതി അംഗമാണ് പി ജയരാജൻ. സംസ്ഥാന കമ്മിറ്റിയംഗത്തിന് ഇത്തരം ഒരു ചുമതല നൽകിയത് പാർട്ടിക്കും സർക്കാരിനും ജയിലിൽ പ്രത്യേക താൽപ്പര്യമുള്ളത് കൊണ്ടാണ്. ജയിൽ ചാട്ടവും കണ്ണൂർ ജയിലിലെ സിപിഎം പ്രതികളുമായി ചേർത്തു വായിക്കേണ്ടതുണ്ട്. ജയിലിനകത്ത് നിന്നും പുറത്ത് നിന്നും ലഭിച്ച സഹായം പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ജയിലിന്റെ നിയന്ത്രണം സിപിഎം മാഫിയയ്‌ക്കാണ്. മയക്കുമരുന്ന് അടക്കമുള്ള നിരോധിത വസ്തുക്കൾ ജയിലിൽ നിന്നും കണ്ടെത്തിയിരുന്നു. എന്നിട്ടും അവിടെ യാതൊരു മാറ്റവും ഉണ്ടായില്ലെന്നതിന് തെളിവാണ് ജയിൽ ചാട്ടം. ഒരു മണിക്കും രണ്ട് മണിക്കും ഇടയിൽ കൊടും ക്രിമിനൽ ചാടി പോയിട്ട് ഏഴ് മണിയോടെയാണ് ജയിൽ അധികൃതർ കണ്ണൂർ പൊലീസിൽ വിവരം അറിയിച്ചത്. അയാളെ കണ്ടെത്തരുതെന്ന് കരുതിയാണോ ഇത്രയും സമയം വിവരം ഒളിച്ചുവച്ചത്. പ്രതിയെ പിടികൂടിയതിലുള്ള അഭിന്ദനം അർഹിക്കുന്നത് നാട്ടുകാർക്കും മാദ്ധ്യമങ്ങൾക്കുമാണെന്നും മുരളീധരൻ പറഞ്ഞു.















