കണ്ണൂർ: ജയിൽ ചാടിയത് ഒന്നര മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് ചാർളി തോമസിന്റെ മൊഴി. ഒന്നര മാസം കൊണ്ടാണ് ജയിൽ അഴി മുറിച്ചത്. മുറിച്ച പാടുകൾ അറിയാതിരിക്കാൻ തുണികൊണ്ട് കെട്ടിവച്ചു. പാൽപാത്രങ്ങളും ഡ്രമുകളും ഉപയോഗിച്ചാണ് മതിൽ ചാടിയത്.
പരോൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് തടവ് ചാടാൻ തീരുമാനിച്ചത്. സഹതടവുകാരിൽ നിന്നും സഹായം ലഭിച്ചിരുന്നു. പുറത്തുള്ളവരുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നു. തടവ് ചാടിയ ശേഷം എന്ത് ചെയ്യണമെന്ന് പുറത്തു നിന്നു ഉപദേശം ലഭിച്ചിരുന്നു. ട്രെയിൻ മാർഗം ഗുരുവായൂരിൽ എത്തി മോഷണം നടത്തി നാടുവിടാനായിരുന്നു പദ്ധതിയെന്നും ചാർളി തോമസ് മൊഴി നൽകി.
അതേസമയം സുരക്ഷാ വീഴ്ച ജയിൽ മേധാവി ബെൽറാം ഉപാധ്യായ തുറന്നു സമ്മതിച്ചു. ചാർളി തോമസ് ജയിൽ ചാടിയത് അറിയാൻ വൈകിയെന്നും സിസിടിവി നിരീക്ഷണത്തിലെ പാളിച്ചയും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാർളി തോമസിനെ പിടികൂടുന്ന സമയത്ത് കൈയിൽ ചെറുആയുധങ്ങളുണ്ടായിരുന്നുവെന്ന് കണ്ണൂർ എസ് പി വ്യക്തമാക്കി. കണ്ണൂർ നഗരത്തിലെ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ചാർളി തോമസിനെ പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ നിന്നാണ് ചാർളി തോമസ് ഇന്ന് പുലർച്ചെ ചാടിയത്.















