കാസർകോട്: കാഞ്ഞങ്ങാട് പടന്നക്കാട് ഇന്നലെ മറഞ്ഞ ടാങ്കറിൽ നിന്നും വാതകം ചോരുന്നു. വാതകം മാറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയാണ് ചോർച്ചയുണ്ടായത്. പ്രദേശത്ത് അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത് അരകിലോമീറ്റർ പരിധിയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വാതകം ചോരാൻ തുടങ്ങിയത്. മംഗലാപുരത്ത് നിന്ന് എത്തിച്ച മറ്റൊരു ടാങ്കറിലേക്ക് പാചക വാതകം മാറ്റുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ഫയർഫോഴ്സ് സംഘം വെള്ളം പമ്പ് ചെയ്ത് പ്രഷർ കുറയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മംഗലാപുരത്ത് നിന്ന് വിദഗ്ദ്ധ സംഘം എത്തിയ ശേഷം മാത്രമേ ചോർച്ച അടയ്ക്കാനാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനായി മണിക്കൂറുകൾ എടുക്കും.
നിലവിൽ നാല് ഫയർഫോഴ്സ് യൂണിറ്റും എൻഡിആർഎഫ് സംഘവും സ്ഥലത്തുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെയാണ് ടാങ്കർ മറിഞ്ഞത്. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകളിൽ നേരത്തേ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഈ വാർഡുകളിലെ സ്കൂൾ, അങ്കണവാടി, കടകൾ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ ഗതാഗതം പൂർണമായും നിരോധിച്ച ശേഷമാണ് ടാങ്കർ ഉയർത്താനുള്ള ശ്രമം തുടങ്ങിയത്.















