ന്യൂഡൽഹി: മാലദ്വീപിന് 4,850 കോടി രൂപയുടെ വായ്പാ സഹായവുമായി ഭാരതം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനവേളയിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനും ഉടൻ അന്തിമരൂപം നൽകും. മാലദ്വീപിന്റെ “ഏറ്റവും ഏറ്റവും വിശ്വസനീയമായ” സുഹൃത്താകുന്നതിൽ ഭാരതത്തിന് ഏറെ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഏത് സാഹചര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം “പ്രകാശപൂർണ്ണവും വ്യക്തവുമായി” തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായായാണ് വായ്പ തുക ഉപയോഗിക്കുക. ഇതോടൊപ്പം മാലദ്വീപിന്റെ വാർഷിക വായ്പ തിരിച്ചടവ് 40 ശതമാനം (51 മില്യൺ യുഎസ് ഡോളറിൽ നിന്ന് 29 മില്യൺ യുഎസ് ഡോളറായി) കുറയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി നടന്ന വിശദമായ ചർച്ചകൾക്ക് ശേഷമാണ് സഹായം പ്രഖ്യാപിച്ചത്.
മത്സ്യബന്ധനം, മത്സ്യക്കൃഷി, കാലാവസ്ഥാ നിരീക്ഷണം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, യുപിഐ, വായ്പാ ഇളവുകൾ തുടങ്ങി ആറ് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഭാരതത്തിന്റെ സഹായത്തിന് മുയിസു പ്രത്യേകം നന്ദി പറഞ്ഞു. സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് ഇന്ത്യ നൽകുന്ന സഹായം നിർണ്ണായകമാണെന്നും പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം മാലെയിൽ പുതിയ പ്രതിരോധ മന്ത്രാലയ കെട്ടിടം, അദ്ദു നഗരത്തിലെ റോഡുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, ഹുൽഹുമാലെയിൽ 3,300 ഭവന യൂണിറ്റുകൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച നിരവധി പദ്ധതികൾ ഇരുനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തിരുന്നു. മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ ഉപയോഗത്തിനായി 72 വാഹനങ്ങളും ഉപകരണങ്ങളും പ്രധാനമന്ത്രി കൈമാറിയിരുന്നു.
മുഹമ്മദ് മുയിസു അധികാരമേറ്റതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. “ഇന്ത്യ ഔട്ട്” പ്രചാരണത്തിന്റെ പിൻബലത്തിലാണ് മുയിസു അധികാരത്തിൽ വന്നത്. പിന്നാലെ ഭാരത വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ച് വലിയ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. ഭാരതവും നിലപാട് കടുപ്പിച്ചതോടെ സംഗതി മുയിസുന്റെ കൈവിട്ട് പോയി. ഭാരതത്തിന്റെ സഹായമില്ലാതെ ദ്വീപ് രാഷ്‌ട്രത്തിന് മുൻപോട്ട് പോകാൻ സാധ്യമല്ലെന്ന് അധികം വൈകാതെ മുയിസു തിരിച്ചറിഞ്ഞു. ഒടുവിൽ മാപ്പ് പറഞ്ഞ് വീണ്ടും ഭാരതത്തിന്റെ സഹായം മുയിസു തേടുകയായിരുന്നു.















