ഇടുക്കി: പീരുമേട്ടിൽ വനത്തിനുള്ളിൽ വനവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി. ശരീരത്തിലുണ്ടായ പരിക്കുകൾ ആനയുടെ ആക്രമിച്ചതിന്റേതാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജൻ മൊഴി നൽകിയതായി ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപ് വ്യക്തമാക്കി.
ഇതോടെ ‘എല്ലാ മരണങ്ങളും വകുപ്പിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ട’ എന്ന വനംമന്ത്രി ഏ. കെ ശശിന്ദ്രന്റെ വാദമാണ് പൊളിഞ്ഞത്.
ജൂൺ 12 നാണ് വനംവകുപ്പ് താത്കാലിക ജീവനക്കാരനായ ബിനുവിന്റെ ഭാര്യ സീത കൊല്ലപ്പെട്ടത്. കാട്ടാന ആക്രമിച്ചതാണെന്ന് ഒപ്പമുണ്ടായിരുന്നു ബിനുവും മക്കളായ സജുമോനും അജിമോനും ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് സർജൻ ആദർശ് രാധാകൃഷ്ണൻ സീതയുടെ പരിക്കുകൾ കാട്ടാന ആക്രമണത്തിന്റേതല്ലെന്നാണ് പറഞ്ഞത്. ഇതോടെ ബിനു സംശയത്തിന്റെ നിഴലിലായി. എന്നാൽ ആഴ്ചകൾക്ക് ശേഷം വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരിക്കുകൾ ആന ആക്രമിച്ചതിന്റേതാണെന്ന് ഫോറൻസിക് സർജൻ വ്യക്തമാക്കി.
13 വരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാനയുടെ ആക്രണത്തിലാണെന്നും അച്ഛന്റെയും മക്കളുടെയും മൊഴി വിശദമായി എടുത്തതാണെന്നും, സംശയങ്ങളില്ലെന്നും പൊലീസ് മേധാവി പറഞ്ഞു.
മരണം കാട്ടാന ആക്രമണത്തിൽ അല്ലെന്ന് സംശയം ഡി.എഫ്.ഒയും പങ്കുവച്ചതോടെ പൊതുസമൂഹത്തിൽ, സീതയുടെ ഭർത്താവ് ബിനുവും പ്രായപൂർത്തിയാകാത്ത കുട്ടികളുമടക്കം കൊലപാതകികളായി മുദ്രകുത്തപ്പെട്ടു. സീതയുടെ മരണം കൊലപാതകമാണെന്ന കോട്ടയം ഡിഎഫ്ഒയുടയും മന്ത്രിയുടെയും പ്രസ്താവന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഈ വിഷയം ചർച്ചയാകാതിരിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണെന്ന് ആരോപണം ഉയർന്നിരുന്നു.















