മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ കമ്പനികൾക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇഡി. മൂന്നാം ദിവസവും അനിൽ അംബാനിയുടെ കമ്പനികളിൽ പരിശോധന നടന്നു. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഇത് വിശദ പരിശോധനകൾക്കായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
3,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈയിൽ പരിശോധന നടന്നിരുന്നു. മുംബൈയിലെ 35-ലധികം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. സ്ഥാപനത്തിലെ നിരവധി ജോലിക്കാരെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
ഇഡിയുടെ നടപടിക്രമങ്ങളോട് സഹകരിക്കുന്നുണ്ടെന്നും റെയ്ഡുകൾ തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളെയോ ജീവനക്കാരെയോ ബാധിച്ചിട്ടില്ലെന്നും റിലയൻസ് ഗ്രൂപ്പ് അറിയിച്ചു. യെസ് ബാങ്ക് കമ്പനികൾക്ക് നൽകിയ വായ്പകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
2017-19 കാലത്താണ് യെസ് ബാങ്കിൽ നിന്നും 3,000 കോടി രൂപ വായ്പയെടുത്തത്. ലോണുകൾ ലഭിക്കുന്നതിനായി യെസ് ബാങ്കിന്റെ പ്രമോട്ടർമാർക്ക് അനിൽ അംബാനി വൻതുക കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അനിൽ അംബാനിയെയും റിലയൻസ് കമ്മ്യൂണിക്കേഷൻസിനെയും എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം കടുപ്പിച്ചത്.















