ബെംഗളൂരു: ജ്വല്ലറിയിൽ അതിക്രമിച്ച് കയറി സ്വർണം കവർന്നു. ബെംഗളൂരു നഗരത്തിലാണ് സംഭവം. കടയുടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ വിലമതിക്കുന്ന 108 ഗ്രാം സ്വർണമാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് സംഭവമുണ്ടായത്. പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
ജ്വല്ലറിയുടമയായ കനയ്യ ലാൽ കട അടയ്‌ക്കാൻ തുടങ്ങുമ്പോഴായിരുന്നു മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേർ കടയ്‌ക്കുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികൾ തോക്ക് ചൂണ്ടി ലാലിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്വർണാഭരണങ്ങൾ ചാക്കിലാക്കി കടന്നുകളഞ്ഞു. 18 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കൊള്ളയടിച്ചത്.
അക്രമികൾ വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ട്.















