ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻകി ബാത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്സ് 4 ദൗത്യത്തിന്റെ വിജയത്തെ കുറിച്ചും ശുഭാംശു ശുക്ലയുടെ മടങ്ങിവരവിനെയും കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.
കഴിഞ്ഞ കുറച്ച് നാളുകളിൽ കായികരംഗത്തും ശാസ്ത്രരംഗത്തും സംസ്കാരികരംഗത്തും ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഓരോ ഭാരതീയനും അഭിമാനമുണ്ട്. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള ശുഭാംശു ശുക്ലയുടെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. ശുഭാംശു ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയപ്പോൾ ജനങ്ങളെല്ലാം അതിയായി ആഹ്ലാദിച്ചു. ഓരോ ഹൃദയത്തിലും സന്തോഷം അലയടിച്ചു.
രാജ്യം മുഴുവൻ അഭിമാനത്താൽ നിറഞ്ഞു. ഞാൻ ഓർക്കുകയാണ്, 2023 ഓഗസ്റ്റിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് പൂർത്തിയാക്കിയപ്പോൾ, രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും സ്പേസിനെ കുറിച്ചും കുട്ടികളിൽ ഒരു പുതിയ ജിജ്ഞാസ രൂപപ്പെടുകയുണ്ടായി. ഞങ്ങൾക്കും സ്പേസിൽ പോകണം, ഞങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങണം – നമ്മൾ സ്പേസ് സയന്റിസ്റ്റ് ആകണമെന്നൊക്കെയാണ് ചെറിയ കുട്ടികൾ പോലും ഇപ്പോൾ പറയുന്നത്.
സയൻസ് ഒരു പുതിയ ഊർജ്ജത്തോടെ മുന്നോട്ട് പോകുകയാണ്. കുറച്ച് ദിവസം മുമ്പ്, നമ്മുടെ വിദ്യാർത്ഥികൾ ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിൽ മെഡലുകൾ കരസ്ഥമാക്കി. ദേവേഷ് പങ്കജ്, സന്ദീപ് കുച്ചി, ദെബ്ദത്ത് പ്രിയദർശി, ഉജ്ജ്വൽ കേസരി ഈ നാലുപേരും ഭാരതത്തിന്റെ യശസ്സുയർത്തി. മാത്സിന്റെ ലോകത്തും ഭാരതം തങ്ങളുടെ വ്യക്തിത്വം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഭാരതം ഇപ്പോൾ ഒളിമ്പിക്സിനായും ഒളിമ്പ്യാഡിനായും ഒരുപോലെ മുന്നോട്ട് കുതിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















