ചെന്നൈ: ദ്വിദിന സന്ദർശനത്തിനായി തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുച്ചിറപ്പള്ളിയിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ ദർശനം നടത്തി. ചോള ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു. കൂടാതെ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആടി തിരുവാതിരയിലും പ്രധാനമന്ത്രി സാക്ഷ്യംവഹിച്ചു.
പരമ്പരാഗത വസ്ത്രം ധരിച്ച് ക്ഷേത്രഇടനാഴിയിലൂടെ നടക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ പുറത്തുവന്നു. ക്ഷേത്രത്തിൽ ദീപാരാധന നടത്തുകയും പ്രത്യേക പൂജകളിൽ പങ്കെടുക്കുകയും ചെയ്തു. ചോള ശൈവിസത്തെയും വാസ്തുവിദ്യയെയും കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു.
ക്ഷേത്രസന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നിരുന്നു. റോഡിന് ഇരുവശങ്ങളിലും തടിച്ചുകൂടിയ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ചോള കാലഘട്ടത്തിലെ ബൃഹദീശ്വര ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി. ഗംഗാനദിയിൽ നിന്ന് കൊണ്ടുവന്ന പുണ്യജലം പ്രധാനമന്ത്രി ക്ഷേത്രത്തിൽ അർപ്പിച്ചു.
ആയിരം വർഷങ്ങൾക്ക് മുമ്പ് രാജേന്ദ്ര ചോളൻ നിർമിച്ച വിജയനഗരമായിരുന്നു ഗംഗൈകൊണ്ട ചോളപുരം. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ശക്തനും ദീർഘവീക്ഷണമുള്ളതുമായ ഭരണാധികാരികളിൽ ഒരാളാണ് രാജേന്ദ്ര ചോളൻ ഒന്നാമൻ. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി 4,900 കോടി രൂപയുടെ വികസന പദ്ധതികളും രാജ്യത്തിന് സമർപ്പിക്കും.















