കോംഗോയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി. വടക്കുകിഴക്കൻ ഡെമോക്രാറ്റിക് കോംഗോയിലെ കൊമാണ്ട എന്ന നഗരത്തിലാണ് ഭീകരാക്രമണം നടന്നത്. ഇസ്ലാമിക്ക് സ്റ്റേറ്റ് പിന്തുണയുള്ള എഡിഎഫ് എന്ന ഭീകര സംഘടന ആക്രമണത്തിന് പിന്നിലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ചയുള്ള പ്രഭാത കുർബാനയുടെ സമയത്താണ് ഭീകരസംഘം പള്ളിയിലേക്ക് ഇരച്ചുകയറിയത്. തോക്കുകളും വാക്കത്തികളും ഉപയോഗിച്ചുകൊണ്ടാണ് വിശ്വസികളെ ആക്രമിച്ചത്. പ്രാർത്ഥനയിൽ പങ്കെടുത്തിരുന്ന 28 പേർ തൽക്ഷണം മരിച്ചുവീണു. പുറത്തിറങ്ങിയ ഭീകരർ പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഒമ്പത് കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്രസഭ സമാധാന ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
1990 കളുടെ അവസാനത്തിൽ കോംഗോയുടെ അയൽരാജ്യമായ ഉഗാണ്ടയിലാണ് ഭീകരസംഘടന രൂപം കൊണ്ടത്. 2019-ലാണ് ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചത്. കോംഗോയിൽ ജനസംഖ്യയുടെ ഏകദേശം 10% മാത്രമാണ് മുസ്ലിങ്ങളുളളത്. അവരിൽ ഭൂരിഭാഗവും കിഴക്കൻ പ്രദേശത്താണ്.
ഇതിന് മുമ്പും എഡിഎഫ് എന്ന ഭീകരർ ക്രൈസ്തവർക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ആരാധാനലായങ്ങളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരപരാധികളെ വെടിവച്ച് വീഴ്‌ത്തുന്നതാണ് ഇവരുടെ രീതി. ഫെബ്രുവരിയിലായിരുന്നു മംബാസ നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു.















