ആലപ്പുഴ: വി. എസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് എന്ന ആലപ്പുഴ സമ്മേളനത്തിലെ ചർച്ച വിവാദമായിരിക്കെ കഞ്ഞിക്കുഴിയിലെ വിഎസ് അനുസ്മരണത്തിൽ ഉദ്ഘാടകനായി എം. സ്വരാജ്. പാർട്ടി സമ്മേളനത്തിൽ എം. സ്വരാജ് അടക്കമുള്ള യുവനേതാക്കൾ വിഎസിനെ അധിക്ഷേപിച്ചെന്ന് മുതിർന്ന സിപിഎം നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ആരോപണ വിധേയൻ തന്നെ ഉദ്ഘാടകനായി എത്തുന്നത്.
മുൻ സംസ്ഥാനകമ്മിറ്റിയംഗം പിരപ്പൻകോട് മുരളി, എംപിയും എംഎൽഎയുമായിരുന്ന സുരേഷ് കുറുപ്പ് എന്നിവർ കഴിഞ്ഞ ദിവസം നടത്തിയ തുറന്നു പറച്ചിൽ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. എം. സ്വരാജ്, ചിന്ത ജെറോം എന്നിവരാണ് ആ യുവനേതാക്കൾ എന്നത് പരസ്യമായ രഹസ്യമാണ്. പിന്നാലെയാണ് അധിക്ഷേപിച്ചവരിൽ പ്രധാനിയായ സ്വരാജിനെ സിപിഎം ഉദ്ഘാടകനാക്കിയത്.
വിവാദത്തിൽ വിശദീകരണം നൽകാനും ആരോപണ വിധേയരായ നേതാക്കളെ രക്ഷിക്കാനുമാണ് ഇത്തരം ഒരു നീക്കമെന്നാണ് വിവരം. വി. എസിനെ വീണ്ടും അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഇതെന്ന ആരോപണം പാർട്ടിക്കുള്ളിൽ നിന്നും തന്നെ ഉയരുന്നുണ്ട്.
വിഎസിന് വിയോഗശേഷം കിട്ടിയ ജനപിന്തുണ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് സിപിഎം ലക്ഷ്യവെക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങൾ വീണ്ടും ചർച്ചയാകുന്നത് പാർട്ടി നേതൃത്വത്തിന് തലവേദയാകുകയാണ്. ലാവ്ലിൻ കേസിൽ പിണറായി വിജയൻ കുറ്റക്കാരനാണെന്നും കേന്ദ്ര ഏജൻസികളെയാണ് തനിക്ക് വിശ്വസമെന്നും പറയുന്ന പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.















