തിരുവനന്തപുരം: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റ് ബിജെപി സംസ്ഥാന ഘടകം ഗൗരവത്തോടെ കാണുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി സംസ്ഥാന അധ്യക്ഷൻ സംസാരിച്ചു. നീതിയുക്തമായ അന്വേഷണം ഉറപ്പ് നൽകിയിട്ടുണ്ട്. മനുഷ്യ കടത്ത് കാര്യമായി നടക്കുന്ന സംസ്ഥാനമാണത്. അതിന്റെ ഭാഗമായി ശക്തമായി അന്വേഷണവും നടക്കുന്നു. അതിന്റെ ഭാഗമായാണ് കേസ്. കന്യാസ്ത്രീകൾ നിരപരാധികളാണെങ്കിൽ അവരുടെ മോചനം സാധ്യമാകും.
അവിടുത്തെ ക്രിസ്ത്യൻ സമൂഹത്തിന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണിയും സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജും സംഭവം നടന്നതിന് പിന്നാലെ ഇവരുടെ കുടുംബവുമായിട്ടും സഭാ നേതൃത്വവുമായിട്ടും ബന്ധപ്പെടുന്നുണ്ട്. ഛത്തീസ്ഗഡ് പൊലീസുമായി ഭരണകൂടവുമായി ഇവർ ആശയവിനിമയം നടത്തുന്നുണ്ട്. ധാർമ്മികമായും നിയമപരമായും എല്ലാവിധ സഹായങ്ങളും ചെയ്യുന്നുണ്ട്. അവിടെ ക്യാമ്പ് ചെയ്ത് സഹായം ഉറപ്പാക്കാൻ അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡിലേക്ക് ഉടൻ പുറപ്പെടും.
സംഭവത്തെ വർഗീയമായി മുതലെടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ഒരു മന്ത്രി തന്നെ അതിന് ശ്രമിച്ചെന്നും ബിജെപി ആരോപിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിക്കെതിരെ മുതലെടുപ്പ് നടത്താനാണ് ശ്രമമെന്നും അദ്ദേഹം വിമർശിച്ചു















