ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ, ഹൈന്ദവ പുരുഷന്മാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ പ്രധാനി, ഹാഷീം മൂസ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർ. പാക് സൈന്യത്തിന്റെ മുൻ പാരാ കമാൻഡർ. ഇന്ത്യൻ സൈന്യം ഇന്ന് വധിച്ച മൂന്ന് പേരിൽ ഹാഷീം മൂസയും ഉൾപ്പെടുന്നു. ശ്രീനഗറിലെ വനമേഖലയിൽ താമസിച്ചുവരികയായിരുന്ന കൊടുംഭീകരരെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു സുരക്ഷാസേന.
കഴിഞ്ഞ വർഷം ശ്രീനഗർ- സോന്മാർഗ് ഹൈവേയിലെ ഇസഡ്-മോർഗ് തുരങ്കത്തിന് നേരെ നടത്തിയ ഭീകരാക്രമണത്തിൽ സുലൈമാൻ ഷാ എന്ന ഹാഷീം മൂസയും ഉൾപ്പെട്ടിട്ടുണ്ട്. പാക് സൈന്യത്തിൽ നിന്ന് പാരാ കമാൻഡോ പരിശീലനം ലഭിച്ച ഹാഷീം മൂസ നിരവധി ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നു. സുരക്ഷാസേനയ്‌ക്കെതിരെയും ഇയാൾ ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ സുരക്ഷാ സേനയ്‌ക്കെതിരെ ഹാഷീം മൂസ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കശ്മീരിൽ ഉൾപ്പെടെ ആറ് ഭീകരാക്രമണങ്ങളിൽ ഹാഷിമിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. 2024-ൽ ഒക്ടോബറിൽ ഗന്ദർബാൽ ജില്ലയിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും ബാരാമുള്ളയിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണവും ഇതിൽ ഉൾപ്പെടും.















