ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ- പാക് വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വെടിനിർത്തലിന് യുഎസിന് പങ്കുണ്ടെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിക്കണമെന്നും എസ് ജയശങ്കർ ലോക്സഭയിൽ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചും ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ചും 16 മണിക്കൂർ നീണ്ട ചർച്ചയിലായിരുന്നു പ്രതികരണം.
പഹൽഗാം ഭീകരാക്രമണം നടന്ന ഏപ്രിൽ 22-നും ജൂൺ 17-നും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡോണാൾഡ് ട്രംപും തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിൽ യുഎസിന് പങ്കുണ്ടെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളെ തുടർന്നാണ് ജയശങ്കറിന്റെ പരാമർശം.
നേരത്തെയും ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പ്രധാനമന്ത്രിയും ഫോണിൽ സംസാരിച്ച സമയത്ത് താനും അവരോടൊപ്പം ഉണ്ടായിരുന്നെന്ന് ജയശങ്കർ പറഞ്ഞിരുന്നു. വ്യാപാരവും വെടിനിർത്തലും സംബന്ധിച്ച് ഒരു ചർച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















