ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റുകൊണ്ടാണ് അമിത് ഷാ പ്രതിപക്ഷത്തിനെതിരെ വിമർശിച്ചത്.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള വെടിനിർത്തൽ അവകാശവാദങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ജയശങ്കർ. ഇതിനിടെയാണ് പ്രതിപക്ഷം ബഹളം വയ്‌ക്കാൻ തുടങ്ങിയത്. ഈ സമയം ജയശങ്കറിന്റെ പ്രസംഗം തടസപ്പെട്ടു. തുടർന്ന് അമിത് ഷാ ചുട്ടമറുപടി നൽകുകയായിരുന്നു.
പ്രതിപക്ഷത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയിൽ വിശ്വാസമില്ല. അവർക്ക് മറ്റേതെങ്കിലും രാജ്യത്തെയാണ് വിശ്വാസം. ഇതിൽ എനിക്ക് എതിർപ്പുണ്ട്. അടുത്ത 20 വർഷത്തേക്ക് പ്രതിപക്ഷം അവിടെ തന്നെയിരിക്കും.
പ്രതിപക്ഷ നേതാക്കൾ സംസാരിച്ചപ്പോൾ ഞങ്ങൾ ക്ഷമയോടെ കേട്ടിരുന്നു. അവർ എത്ര നുണകൾ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ എണ്ണിപ്പറയാം. ഇത്രയും പ്രധാനപ്പെട്ട വിഷയം വിദേശകാര്യ മന്ത്രി ചർച്ച ചെയ്യുമ്പോൾ ഇത്തരത്തിൽ പ്രസംഗം തടസപ്പെടുത്തുന്നത് ശരിയാണോയെന്നും അമിത് ഷാ ചോദിച്ചു.















