ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര അമിത് ഷായും ഇന്ന് ലോക്സഭയെ അഭിസംബോധന ചെയ്യും. ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ലോക്സഭയിൽ ചർച്ച തുടരുന്നതിനിടെയാണ് ഇരുനേതാക്കളും അഭിസംബോധന ചെയ്യുന്നത്. ഉച്ചയ്‌ക്ക് 12 മണിക്കും ഒരു മണിക്കും ഇടയിലായിരിക്കും ഇരുവരും അഭിസംബോധന ചെയ്യുക.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ചർച്ച കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ചർച്ചയ്‌ക്ക് തുടക്കമിട്ടത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പഹൽഗാം ഭീകരാക്രണത്തെ കുറിച്ച് വിശദമായി സംസാരിച്ചു.
പാകിസ്ഥാന്റെ അതിർത്തി കടക്കുകയോ പ്രദേശം പിടിച്ചെടുക്കുകയോ ആയിരുന്നില്ല ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. പാകിസ്ഥാനിൽ വർഷങ്ങളോളം പ്രവർത്തിച്ചുവന്നിരുന്ന ഭീകരകേന്ദ്രങ്ങൾ തകർക്കുക, പഹൽഗാം ഭീകരാക്രമണത്തിനിരയായ കുടുംബങ്ങൾക്ക് നീതി ലഭിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയത്.
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തങ്ങളുടെ സൈനിക ശേഷി മാത്രമല്ല, ദൃഢനിശ്ചയം, ധാർമികത എന്നിവ പ്രകടിപ്പിച്ചു. ഏതൊരു ഭീകരാക്രമണത്തിനും ഇന്ത്യ ശക്തമായ മറുപടി നൽകും. ഭീകരതയ്‌ക്ക് അഭയവും പിന്തുണയും നൽകുന്നവരെ വെറുതെ വിടില്ല. ഒരു തരത്തിലുള്ള ആണവായുധ ഭീഷണികൾക്ക് ഇന്ത്യ വഴങ്ങില്ലന്നും രാജ്നാഥ് സിംഗ് പറഞ്ഞു.















