എറണാകുളം: ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. കാലവർഷത്തിൽ സംസ്ഥാനത്തെ ഡാമുകൾ രണ്ട് മാസം കൊണ്ട് 75 ശതമാനത്തോളമാണ് നിറഞ്ഞത്. പരമാവധി സംഭരണശേഷിയെത്തിയ 11 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒമ്പത് ഡാമുകൾ തുറക്കും. ഇടുക്കി ഡാമിൽ നീല അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഷട്ടർവരെ ഉയർന്ന സാഹചര്യത്തിലാണ് നടപടി. 2018-ലെ പ്രളയത്തിന് ശേഷം ഇതാദ്യമായാണ് ഡാമുകളിൽ ഇത്രയധികം ജലനിരപ്പ് ഉയരുന്നത്.
കക്കി ഡാമിൽ ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായാൽ തുറക്കേണ്ടി വരുമെന്നാണ് വിവരം. മഴയും ജലനിരപ്പും ഉയർന്ന സാഹചര്യത്തിൽ കക്കയം, ബാണാസുരസാഗർ, പെരിങ്ങൽക്കുത്ത്, ഷോളയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, പൊൻമുടി, ലോവർ പെരിയാർ എന്നീ ഡാമുകളാണ് തുറന്നിട്ടുള്ളത്.
ഇടുക്കിയിലെ വലിയ ഡാമുകളായ ഇടമലയാർ, കക്കി, ബാണാസുരസാഗർ, മലമ്പുഴ, ചിമ്മിനി, കുറ്റ്യാടി, നെയ്യാർ, പീച്ചി എന്നിവയിലെല്ലാം 70 ശതമാനത്തിലധികം ജലനിരപ്പ് ഉയർന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളിൽ നദികളും പുഴകളും കരകവിഞ്ഞൊഴുകി. റോഡുകളിലും മറ്റും വെള്ളക്കെട്ട് രൂപപ്പെട്ടു.















