തിരുവനന്തപുരം: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് കൊല്ലപ്പെട്ട യെമൻ പൗരന്റെ സഹോദരൻ അബ്ദുൾ ഫത്താഹ് മെഹ്ദി. ആരുമായി ചർച്ച നടത്തിയെന്നത് കാന്തപുരം വ്യക്തമാക്കണമെന്ന് ഹത്താഫ് മെഹ്ദി സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. മുൻപത്തേക്കാൾ പ്രകോപിതനായാണ് പ്രതികരണം. കാന്തപുരത്തിന്റെ പേരും പ്രത്യേകം എടുത്ത് പറഞ്ഞു കൊണ്ടുള്ള കുറിപ്പിന്റെ മലയാള പരിഭാഷയും പോസ്റ്റിലുണ്ട്.
സത്യസന്ധമല്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നത്. ആരുമായാണ് നിങ്ങൾ ചർച്ച നടത്തിയതെന്ന് വ്യക്തമാക്കണം. ചർച്ച നടത്തിയെങ്കിൽ പരസ്യ സംവാദത്തിന് തയ്യാറാണ് എന്ന തരത്തിലാണ് അബ്ദുൾ ഹത്താഫ് മെഹ്ദിയുടെ വാക്കുകൾ.
വ്യാജ വാർത്ത പ്രചരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് വധശിക്ഷയ്‌ക്ക് പുതിയ തീയതി പ്രഖ്യാപിക്കമെന്നാവശ്യപ്പെട്ട് തലാലിന്റെ കുടുംബം യെമനിലെ കോടതിയിൽ കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ പകർപ്പും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾ തെറ്റാണെന്ന് യെമനിലെ സാമൂഹ്യ പ്രവർത്തകൻ സാമൂവൽ ജെറോമും വ്യക്തമാക്കി. കാന്തപുരത്തിന്റെ ഓഫീസിൽ നിന്നും പ്രചരിക്കുന്ന വിവരങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വിദേശകാര്യമന്ത്രാലയവും അൽപ്പം മുൻപ് അറിയിച്ചിരുന്നു. ഇന്നലെ രാത്രിയാണ് വധശിക്ഷ റദ്ദാക്കിയെന്ന തരത്തിലുള്ള കാന്തപുരത്തിന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് മുഖ്യധാര മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടത്.















