കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. ഇന്നലെ രാത്രിയാണ് മാവേലിക്കര ഫാസ്റ്റ് പാസഞ്ചറിലാണ് ദുരനുഭവമുണ്ടായത്. കൊട്ടിയത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്നു യുവതി. ഈ സമയത്ത് ബസിൽ യാത്രക്കാർ കുറവായിരുന്നു. മേവറം കഴിഞ്ഞപ്പോഴാണ് ഇയാളുടെ ലൈംഗിക വൈകൃതം യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യുവതി സധൈര്യം അയാൾ അറിയാതെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും ഇയാൾ മറ്റൊരു സൂപ്പർ ഫാസ്റ്റ് ബസിൽ കയറി പോയതായാണ് വിവരം.
യുവതി പകർത്തിയ ദൃശ്യങ്ങളിൽ ഇയാളുടെ മുഖം വ്യക്തമാണ്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യുവതി പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു.















