ന്യൂഡൽഹി: പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ വലിയ ആക്രമണം നടത്താൻ പദ്ധതി ഇട്ടിരുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അറിയിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ തരത്തിൽ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വാൻസിനോട് താൻ പറഞ്ഞിരുന്നതായും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോക്സഭയിൽ നടന്ന വിശദ ചർച്ചകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാൻ നടത്താനിരിക്കുന്ന ആക്രമണത്തെ കുറിച്ച് അറിയിക്കാൻ മെയ് ഒമ്പതിന് ജെഡി വാൻസ് എന്നെ വിളിച്ചിരുന്നു. എന്നാൽ സൈന്യവുമായുള്ള കൂടിക്കാഴ്ചയിലായതിനാൽ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാനായില്ല. എന്നിരുന്നാലും ജെ ഡി വാൻസുമായി പിന്നീട് ഞാൻ സംസാരിച്ചു. പാകിസ്ഥാൻ ഒരു വലിയ ആക്രമണം നടത്താൻ പോവുകയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പാകിസ്ഥാൻ ആക്രമണം നടത്തിയാൽ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നായിരുന്നു തന്റെ മറുപടി. .
ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് ഒരു രാജ്യവും തങ്ങളോട് ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഒരു വശത്ത് ഇന്ത്യ സ്വാശ്രയത്വത്തിലേക്ക് വേഗത്തിൽ മുന്നേറുകയാണ്. എന്നാൽ കോൺഗ്രസ് പാകിസ്ഥാനെ ആശ്രയിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. കോൺഗ്രസ് പാകിസ്ഥാനിൽ നിന്ന് പ്രശ്നങ്ങൾ ഇറക്കുമതി ചെയ്യുന്നു.
വെറും 22 മിനിറ്റ് കൊണ്ട് ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ സൈന്യത്തിന് സാധിച്ചു. പാക് ഭീകരകേന്ദ്രങ്ങൾ ഞങ്ങൾ നശിപ്പിച്ചു. ഞങ്ങളുടെ ലക്ഷ്യം നിറവേറ്റി. 100 ശതമാനം വിജയം നേടി. പാകിസ്ഥാൻ വ്യോമതാവളങ്ങൾ ഇപ്പോഴും ഐസിയുവിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















