ബെംഗളൂരു: ചിട്ടി കമ്പനി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് 40 കോടിയോളം രൂപയുമായി കടന്ന മലയാളി ദമ്പതിമാർ ഹൈക്കോടതിയിലേക്ക്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ബെംഗളൂരുവിലെ രാമമൂർത്തിനഗറിൽ പ്രവർത്തിക്കുന്ന ആലപ്പുഴ സ്വദേശി ടോമി എ. വര്‍ഗീസ്(57), ഭാര്യ ഷൈനി ടോമി(52) എന്നിവരാണ് ഹര്‍ജി നല്‍കിയത്.
കേസ് വിശദമായി പരിശോധിക്കുന്നതിന് അന്വേഷണം സിഐഡിക്ക് കൈമാറണമെന്ന ആവശ്യവുമായി പരാതിക്കാരായ നിക്ഷേപകർ കോടതിയെ സമീപിച്ചതോടെയാണ് പ്രതികളുടെ നീക്കം. സിഐഡി അന്വേഷണം തടയണമെന്നും ദമ്പതികൾ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്.
പരാതിക്കാർ കോടതിയെ സമീപിച്ചതോടെ ദമ്പതികൾ രാജ്യം വിട്ടതായി അന്വേഷണസംഘം വ്യക്തമാക്കി. ദമ്പതികൾ കെനിയയിലേക്ക് കടന്നതായാണ് വിവരം. 500-ലധികം നിക്ഷേപകരാണ് പരാതിയുമായി ബെംഗളൂരു പൊലീസിനെ സമീപിച്ചത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിട്ടി ഫണ്ട് ആൻഡ് ഫൈനാൻസ് എന്ന പേരിലാണ് ചിട്ടിഫണ്ട് നടത്തിവന്നിരുന്നത്. നിക്ഷേപകരിൽ അധികവും മലയാളികളാണ്.















