കണ്ണൂർ: കഴിഞ്ഞ ദിവസം പെരിങ്ങത്തൂരിൽ സ്വകാര്യ ബസിലെ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണക്കടത്ത് കേസ് പ്രതി സവാദിന്റെ സംഘമാണ് കണ്ടക്ടർ വിഷ്ണുവിനെ ആക്രമിച്ചത്. മർദ്ദനത്തിൽ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സ്വർണ്ണക്കടത്ത് സംഘത്തിൽ പെട്ട നാദാപുരം സ്വദേശി വിശ്വജിത്തിന്റെ ഭാര്യയ്‌ക്ക് വിദ്യാർത്ഥി കൺസെഷൻ നൽകിയില്ലെന്നും ബസിൽ നിന്നും പുറത്താക്കിയെന്നും ആരോപിച്ചാണ് ക്രൂര മർദ്ദനം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിശ്വജിത്ത്.
സ്വർണ്ണക്കടത്ത് ഗുണ്ടാസംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസും സ്ഥിരീകരിച്ചു. കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ച സംവാദ് സ്വർണ്ണക്കടത്ത് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇവർക്ക് ടി. പി വധക്കേസ് പ്രതികളുമായി അടുത്ത ബന്ധമുണ്ട്. പെൺകുട്ടിയുടെ ഭർത്താവ് വിശ്വജിത്തും ടിപി കേസ് പ്രതി ഷാഫിയുമായി നിൽക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് പൊലീസ് വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ബസ് തൊഴിലാളി സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്.















