എറണാകുളം: ആക്ഷൻ ഹീറോ ബിജു-2 സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നടൻ നിവിൻ പോളിയുടെ പരാതി വ്യാജമാണെന്ന് നിർമാതാവ് പി എസ് ഷംനാസ്. തനിക്കെതിരെ പൊലീസ് കേസെടുത്തത് വ്യാജ പരാതിയിലാണെന്നും എന്ത് വ്യാജരേഖയാണ് ചമച്ചതെന്നത് നിവിൻ പോളി വ്യക്തമാക്കണമെന്നും ഷംനാസ് പറഞ്ഞു. നിവിൻ പോളിയുടെ പരാതിയിൽ ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
നിവിൻ പോളിയുടെ പേരിലല്ല സിനിമ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നിവിൻ പോളിയും എബ്രിഡ് ഷൈനും താനും ചേർന്നാണ് സിനിമ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഷംനാസ് പറഞ്ഞു. സിനിമ എന്റെ പേരിലേക്ക് മാറ്റാൻ പോളി ജൂനിയറിന്റെയോ നിവിൻ പോളിയുടെയോ സമ്മതപത്രത്തിന്റെ ആവശ്യമില്ല. അവരുടെ പ്രതിഫലമാണ് അവർ നിക്ഷേപിക്കുന്നത്. പണം മുടക്കേണ്ടത് ഇന്ത്യൻ മൂവി മേക്കേഴ്സാണ്. എന്ത് വ്യാജരേഖയാണ് ഉണ്ടാക്കിയതെന്ന് എനിക്ക് മനസിലാകുന്നില്ല. നിവിൻ പോളി എനിക്കെതിരെ നൽകിയത് കള്ളക്കേസാണ്.
തന്റെ പേരിലാണ് സിനിമയെന്ന് ഫിലിം ചേംബറുമായി ബന്ധപ്പെട്ടപ്പോൾ എന്നോട് പറഞ്ഞിട്ടുണ്ട്. സിനിമ പൂർണമായും എന്റെ പേരിലാണ്. അതിന് പോളി ജൂനിയറിന്റെ യാതൊരു കത്തും ആവശ്യമില്ല. അവർക്ക് യാതൊരു ബന്ധവുമില്ല. സിനിമയുടെ അവകാശങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കി എന്ന് അറിഞ്ഞപ്പോള്‍ തന്നെ അവരെ ബന്ധപ്പെട്ടിരുന്നു. സംവിധായകന് ഞാനുമായി സഹകരിച്ച് പോകാന്‍ താത്പര്യമില്ല, നിര്‍മാതാവ് മാറണം എന്നാണ് അവര്‍ പറഞ്ഞത്. ചെലവായ തുക തന്നാല്‍ മാറാന്‍ താൻ തയ്യാറാണെന്നും ഷംനാസ് പറയുന്നു.















