ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എംഎൽഎ രമേശ് ചെന്നിത്തലയുടെ ഓഫീസിലേക്ക് മാർച്ച് നടത്താനൊരുങ്ങി ബിജെപി. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഹരിപ്പാട് മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട എംഎൽഎ കാണാമറയത്തിരിക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധ പ്രകടനം നടത്തുക.
ഹരിപ്പാട് മണ്ഡലത്തിലെ നിരവധി റോഡുകൾ തകർന്ന് കുളമായി കിടക്കുന്നു. സ്‌കൂൾ കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്ന സംഭവങ്ങളും ഉണ്ടാകുന്നു. മുതുകുളം കുമാരനാശാൻ മെമ്മോറിയൽ സ്‌കൂൾ കെട്ടിടവും ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. ആറാട്ടുപുഴ തൃക്കുന്നപ്പുഴ മേഖലയിൽ കടലാക്രമണം വളരെയേറെ കൂടുതലാണ്. നിരവധി വീടുകളാണ് ഓരോ തവണയും കടലെടുക്കുന്നത്. മണ്ഡലത്തിൽ നിർമാണം ആരംഭിച്ച പാലങ്ങൾ പകുതി വഴിയിലാണ്. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കെ ഒന്നിലും ഇടപെടാതെ പത്രസമ്മേളനങ്ങൾ മാത്രം നടത്തിവരികയാണ്. ഈ സാഹചര്യത്തിലാണ് ബിജെപി മാർച്ച് നടത്താനൊരുങ്ങുന്നത്.
മാദ്ധ്യമങ്ങളിൽ അല്ലാതെ രമേശ് ചെന്നിത്തലയെ കാണാൻ കിട്ടുന്നില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നതായി ബിജെപി ആരോപിക്കുന്നു. ബിജെപി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ സോമൻ, മേഖലാ പ്രസിഡന്റ് എൻഹരി തെക്കൻ മേഖല ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് മഹേഷ് കുമാർ എം, ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് പി സുമേഷ് എന്നിവർ നേതൃത്വം നൽകും.















