മുംബൈ: മലേഗാവ് സ്ഫോടനക്കേസിൽ തങ്ങളുടെ നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബിജെപി മുൻ എംപി പ്രജ്ഞാസിംഗ് താക്കൂർ. കോടതിവിധിയിലൂടെ കാവിഭീകരതയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുവെന്നും ഹിന്ദുത്വത്തിന്റെ വിജയമാണിതെന്നും പ്രജ്ഞാ സിംഗ് താക്കൂർ പറഞ്ഞു.
“ഇന്ന് കാവി വിജയിച്ചു. ആദ്യം മുതൽ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിനായി വിളിക്കുമ്പോൾ അതിന് അടിസ്ഥാനകാരണങ്ങൾ ഉണ്ടായിരിക്കണമെന്ന്. അന്വേഷണത്തിനായി വിളിച്ചുവരുത്തിയാണ് അവർ എന്നെ അറസ്റ്റ് ചെയ്തത്. എന്റെ ജീവിതം മുഴുവൻ നശിപ്പിച്ചു. 13 ദിവസം ക്രൂരമായി മർദ്ദിച്ചു. ഭീകരരാണെന്ന് മുദ്രകുത്തി. സന്ന്യാസജീവിതം തുടർന്നിരുന്ന എന്നെ കുറ്റക്കാരിയാക്കി. ആരും ഞങ്ങളോടൊപ്പം നിന്നില്ല. ഗൂഢാലോചനയിലൂടെ അവർ ഭഗവാനെ അപകീർത്തിപ്പെടുത്തി. കുറ്റവാളികളെ ദൈവം ശിക്ഷിക്കും. വർഷങ്ങളായി അപമാനം സഹിക്കേണ്ടിവന്നിട്ടുണ്ടെന്നും നിരപരാധിയായിരുന്നിട്ടും കുറ്റക്കാരിയാക്കി മുദ്രകുത്തിയെന്നും” കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രജ്ഞാ സിംഗ് താക്കൂർ പറഞ്ഞു.
പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെ ഏഴ് പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കേസിൽ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ സാധിക്കാത്തതിനാലാണ് ഏഴ് പേരെയും മുംബൈ എൻഐഎ കോടതി വെറുതെവിട്ടത്.















