ന്യൂഡൽഹി: തുർക്കി കമ്പനിയായ സെലെബിക്ക് ഡൽഹി ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. സുരക്ഷാ അനുമതി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജി തള്ളി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് സെലിബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ കോടതിയെ സമീപിച്ചത്. ദേശ സുരക്ഷയുടെ പ്രാധാന്യം അടിവരയിട്ടും കൊണ്ടാണ് ജസ്റ്റിസ് തേജസ് കരിയയാണ് തീരുമാനം പ്രഖ്യാപിച്ചത്.
സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ, സെലെബി ഡൽഹി കാർഗോ ടെർമിനൽ മാനേജ്‌മെന്റ് തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങൾ സമർപ്പിച്ച ഹർജികൾ ജൂലൈ 7 ന് സിംഗിൾ ബെഞ്ചും തള്ളിയിരുന്നു.
2025 മെയ് 15-നാണ് ദേശസുരക്ഷ മുൻനിർത്തി ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങും കാര്‍ഗോ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചിരുന്ന സെലിബിയുടെ സുരക്ഷാ അനുമതി പിന്‍വലിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തുര്‍ക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണക്കുകയും ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. മാത്രമല്ല തുര്‍ക്കി നിര്‍മിത ഡ്രോണുകളും മറ്റും ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചത്.
തുര്‍ക്കിയിലെ സെലെബി ഗ്രൂപ്പിന്റെ ഭാഗമായ കമ്പനികള്‍ 15 വര്‍ഷത്തിലേറെയായി ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാജ്യത്തെ ഒന്‍പത് വിമാനത്താവളങ്ങളിലാണ് കമ്പനി ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കാര്‍ഗോ സേവനങ്ങള്‍ നല്‍കിയിരുന്നത്.















