കൊല്ലം: കൊട്ടാരക്കരയിൽ സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമം. ഹൈന്ദവ വിശ്വാസങ്ങൾ വിട്ട് ഇസ്ലാം ആകണമെന്നും പൊന്നാനിയിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടതായി പെൺകുട്ടിയും കുടുംബവും ജനം ടി വിയോട് വെളിപ്പെടുത്തി. നിരന്തര ഭീഷണിയെ തുടർന്ന് ഭീതിയോടെ ജീവിക്കുന്ന കുടുംബം കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെതിരെ മറ്റൊരു പെൺകുട്ടിയും പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
പ്ലസ്ടു വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവാവ് വലയിലാക്കിയത്. പ്രണയാഭ്യാർത്ഥന നടത്തിയ ശേഷം മതം മാറാൻ ഇയാൾ നിരന്തരം സമ്മർദ്ദം ചെലുത്തി. ഇതിനായി പൊന്നാനിയിലെ സത്യസരണിയിൽ 15 ദിവസത്തെ ക്ലാസുണ്ടാകുമെന്നും യുവാവ് പറഞ്ഞു. മതം മാറിയാൽ വലിയ തുക കിട്ടുമെന്നും ആ പണം കൊണ്ട് വീടുവയ്‌ക്കുമെന്നും സഹോദരിയെ വിവാഹം ചെയ്ത് അയക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു. മതം മാറാൻ പെൺകുട്ടി വിസമ്മതിച്ചതോടെ തനിക്കൊപ്പം വലിയ സംഘമുണ്ടെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഭയന്ന പെൺകുട്ടി ഇതിനിടെ ജീവനൊടുക്കാനും ശ്രമിച്ചു. ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത പെൺകുട്ടി അമ്മയോട് കാര്യം വെളിപ്പെടുത്തുകയായിരുന്നു.
ഫ്രണ്ട്ഷിപ്പായാണ് തുടങ്ങിയതെന്ന് പെൺകുട്ടി പറഞ്ഞു. പിന്നീട് അത് റിലേഷനിലേക്ക് പോയി. ആദ്യം വലിയ കുഴപ്പമില്ലായിരുന്നു. പിന്നീട് മതം മാറി ചെല്ലാൻ നിർബന്ധിച്ചു. പൊന്നാനിയിൽ സത്യസരണിയിൽ കൊണ്ടുപോകും അവിടെ ക്ലാസുണ്ട്. അവിടെ നിർത്തും മതം മാറണം എന്ന് പറഞ്ഞ് നിർബന്ധിക്കാൻ തുടങ്ങി. കുറിയിടുന്നതും അമ്പലത്തിൽ പോകുന്നതും അവന് ഇഷ്ടമല്ല. ഒരു ദിവസം പൊട്ടുവച്ച് കൊണ്ടുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു. തട്ടമിടാൻ നിർബന്ധിച്ചതായും പെൺകുട്ടി ഭീതിയോടെ പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസമായി മകൾ ഭീഷണി നേരിടുകയാണെന്ന് അമ്മ പറഞ്ഞു. ഒരാഴ്ച മുൻപാണ് കാര്യങ്ങളെല്ലാം പറഞ്ഞത്. അവൾ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. അന്ന് പഠിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണെന്നാണ് കരുതിയത്. ആലപ്പുഴയിലെ ഒരാൾ ഇതിന് പിന്നിലുണ്ടെന്നും അമ്മ പറഞ്ഞു.
സംഭവം അറിഞ്ഞതിന് പിന്നാലെ കുടുംബം ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചതായും ആരോപണമുണ്ട്. തുടർന്ന് കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.















