തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ ഭൂമി കൈയേറിയാണ് പഴയ എകെജി സെന്റർ നിർമിച്ചതന്ന വിവരം പുറത്തുവന്നതോടെ സിപിഎം കടുത്ത പ്രതിരോധത്തിൽ. പഴയ എകെജി സെന്റർ (നിലവിൽ എകെജി പഠന ഗവേഷണ കേന്ദ്രം) സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയിലെന്ന വിവരാവകാശ രേഖയുടെ പശ്ചാത്തലത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടപടി തുടങ്ങി. കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമേലിനോട് ഗവർണർ വിശദീകരണം തേടി. അനധികൃത ഭൂമി തിരികെ സർവ്വകലാശാല ഏറ്റെടുക്കണമെന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിവേദനത്തിന്മേലാണ് നടപടി.
സിപിഎം ആസ്ഥാനമായിരുന്ന എകെജി സെന്റർ നിലവിൽ എകെജി പഠനഗവേഷണ കേന്ദ്രമാണ്. അടുത്തിടെയാണ് പുതിയ കെട്ടിടത്തിലേക്ക് പാർട്ടി ആസ്ഥാനം മാറ്റിയത്. സിപിഎമ്മിന് അനുവദിച്ചത് 15 സെൻറ് ആണെങ്കിലും കേരള സർവ്വകലാശാലയുടെ 55 സെൻറ് ഭൂമി കൈവശമുണ്ടെന്നും സർവ്വേ വകുപ്പിന്റെയും വഞ്ചിയൂർ വില്ലേജ് ഓഫീസിന്റെയും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
വിഷയം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. വിസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
1977ൽ എ. കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 15 സെന്റ് ഭൂമി എകെജി സെന്ററിന് അനുവദിച്ചത്. പിന്നീട് ഈ ഫയൽ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പിൽ നിന്നും കാണാതായി. ആർക്കേവ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഫയൽ കണ്ടെത്താനായില്ല. ഇടത് സർക്കാരിന്റെ കാലത്ത് ഫയൽ മുക്കിയെന്നാണ് ആരോപണം.
അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമിയിൽ തണ്ടപ്പേര് പിടിക്കാത്തതിനാൽ ഇപ്പോഴും പുറമ്പോക്ക് ഭൂമിയായി വഞ്ചിയൂർ വില്ലേജ് ഓഫിസ് റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുമൂലം വസ്തുക്കരം സ്വീകരിക്കാൻ റവന്യു വകുപ്പ് തയാറായിട്ടുമില്ല. എന്നാൽ 10.33 ലക്ഷം രൂപ കോർപറേഷന് കെട്ടിട നികുതിയായി പ്രതിവർഷം അടയ്‌ക്കുന്നുണ്ട്. സർക്കാർ പുറമ്പോക്ക് ഭൂമിയിൽ കെട്ടിട നിർമാണത്തിന് അനുമതി നൽകിയതും ടിസി നമ്പർ അനുവദിച്ചതും കെട്ടിടനികുതി സ്വീകരിച്ചതും ഗുരുതരമായ കൃത്യവിലോപമാണെന്നും ക്യാംപെയ്ൻ കമ്മിറ്റി ആരോപിക്കുന്നു.















